പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത കാലംചെയ്തു

ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ പക്കോമിയോസ് കാലംചെയ്തു.


 ഓര്‍ത്തഡോക്‌സ് സെമിനാരി ഭരണസമിതി അംഗവും പ്രാര്‍ഥനായോഗം പ്രസിഡന്റും വിദ്യാര്‍ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റുമായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ജൂലായ് 24നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചയോടെ സ്വദേശമായ കുറിച്ചിയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച മൂന്നിമണിയോടെ റാന്നി ബഥനി ആശ്രമത്തിലാണ് കബറടക്കം.

കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ കോലത്തുകളത്തില്‍ കെകെ ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകനായി 1946 ജനവരി 26നാണ് ജനനം. ബിരുദ പഠനത്തിന് ശേഷം 1968 ല്‍ റാന്നി പെരുന്നാട് ബഥനി ആശ്രമത്തില്‍ ചേര്‍ന്നു. കൊല്‍ക്കത്ത ബിഷപ്‌സ് കോളേജില്‍ നിന്നും ബി.ഡി ബിരുദം കരസ്ഥമാക്കി. 1974 ജനവരി എട്ടിന് വൈദികവൃത്തിയില്‍ പ്രവേശിച്ചു.

1978 മുതല്‍ 80 വരെ ഇംഗ്ലണ്ടില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. 1992 സപ്തംബറില്‍ പരുമല സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി അസോസിയേഷനില്‍ വെച്ച് മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 ഡിസംബറില്‍ റമ്പാനായി. 1993 ആഗസ്ത് 16ന് എപ്പിസ്‌കോപ്പ പദവിയില്‍ വാഴിക്കപ്പെട്ടു.

ഇടുക്കി-അങ്കമാലി ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായും പ്രവര്‍ത്തിച്ചു. 2002 ആഗസ്ത് 10ന് രൂപവല്‍കൃതമായ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി.

ബാലിക-സ്ത്രീ സമാജം എന്നിവയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.