വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

മാതൃഭൂമി
കെ.കെ. സുബൈര്‍
ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ.
കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്.

ആക്രമണോത്സുകത കൂടിയ കുട്ടികളെ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ആവശ്യമെങ്കില്‍ കൗണ്‍സലര്‍മാരെ വെക്കണം. അധ്യാപനം ശരിയല്ലെങ്കില്‍ അത് തുറന്നുപറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം.

ശാരീരിക-മാനസിക പീഡനം, ലൈംഗികാതിക്രമം, വിവേചനം എന്നിവയില്‍ കുട്ടികളുടെ പരാതി കേള്‍ക്കുകയാണ് പ്രത്യേക നിരീക്ഷണ സമിതിയുടെ ചുമതല. കുറ്റാരോപിതര്‍ക്കെതിരായ നടപടികളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സെല്‍ 48 മണിക്കൂറിനകം ജില്ലാതല സമിതിക്ക് കൈമാറണം -ശുപാര്‍ശയില്‍ പറയുന്നു.കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും വിവേചനത്തിനും വിധേയരാക്കുന്ന നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അധ്യാപകര്‍ രേഖാമൂലം ഉറപ്പുനല്‍കണം. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ. അധ്യാപകരുടെ മോശമായ പെരുമാറ്റം പോലും ഗൗരവമായി കാണണമെന്നും കേസെടുക്കാന്‍ ഇത് തക്കതായ കാരണമാണെന്നും മാര്‍ഗനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടുന്നു.

ശിക്ഷാനടപടിക്ക് വിധേയരായ കുട്ടികള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റും സര്‍ക്കാറും നഷ്ടപരിഹാരം നല്‍കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപവത്കരിക്കണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് വിദ്യാഭ്യാസ വകുപ്പ് സംവിധാനം ഒരുക്കണം. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് എല്ലാ സ്‌കൂളുകളും പുറത്തിറക്കണം.

എജ്യുക്കേഷണല്‍ റിസോഴ്‌സ് യൂണിറ്റിലെ വിമല രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്. ശിശുക്ഷേമ വകുപ്പ് ഈ ശുപാര്‍ശകള്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് കൈമാറി. ഏഴ് സംസ്ഥാനങ്ങളിലെ 6,632 കുട്ടികളെ സമിതി പഠനവിധേയരാക്കി.

ഇവരില്‍ 6,623 കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള ശിക്ഷ അനുഭവിക്കുന്നതായി മൊഴിനല്‍കി. വടികൊണ്ട് അടി കിട്ടാറുണ്ടെന്ന് 75 ശതമാനം കുട്ടികള്‍ പരാതിപ്പെട്ടപ്പോള്‍, മുഖത്ത് അടി കിട്ടുന്നുണ്ടെന്ന് 69 ശതമാനം പേര്‍ പറയുന്നു.

മതം, ജാതി, സാമ്പത്തികാവസ്ഥ, ഭാഷ, പ്രദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ ശാരീരിക മര്‍ദനം നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 25 ശതമാനം കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ വിവേചനം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Click for more