മലയാളം ഡിജിറ്റല്‍ പുസ്തകങ്ങളുടെ ശേഖരം

വിക്കി -മലയാളം  ഡിജിറ്റല്‍ ഗ്രന്ഥശാല 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമായ ഐതിഹ്യകഥകളുടെ അക്ഷയഖനി, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ മലയാളം വിക്കിപീഡിയയുടെ ‘വിക്കി ഗ്രന്ഥശാല’ പുനഃപ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ മലയാളത്തിനെ സമ്പന്നമാക്കാനുള്ള ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് ഒരു കൂട്ടം മലയാള ഭാഷാപ്രേമികളാണ്. ‘മലയാളം ഇ ബുക്സ്’ എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലയാളം ഇ ബുക്സുമായി വിക്കി പ്രവര്‍ത്തകര്‍ സഹകരിക്കുകയും ഗ്രന്ഥം വിക്കിയില്‍ എത്തിക്കുകയുമായിരുന്നു.
ഓരോ മലയാളിയുടെയും വീട്ടില്‍ അത്യാവശ്യം വേണ്ട ഗ്രന്ഥമേത് എന്ന് ചോദിച്ചാല്‍ പലരും പല മറുപടിയാകും നല്‍കുക. കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച 'ഐതിഹ്യമാല'യാണ് ഓരോ മലയാളിയുടെയും വീട്ടില്‍ അത്യാവശ്യം വേണ്ട മലയാളഗ്രന്ഥമെന്നും, കേരളത്തില്‍ വളരുന്ന ഓരോ കുട്ടിയും അത് വായിച്ചിരിക്കണമെന്നും അഭിപ്രായമുള്ളവരുണ്ട്. അതല്ല, തുഞ്ചത്ത് എഴുത്തച്ചന്റെ 'ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്' ആണ് ഓരോ മലയാളിയുടെയും വീട്ടില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട മലയാളഗ്രന്ഥമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. 'ഹരിനാമകീര്‍ത്തനം' ഇല്ലാത്ത ഭവനം ഭവനമാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. ചിലര്‍ക്ക് വീട്ടില്‍ വേണ്ടത് 'ശ്രീനാരായണഗുരുവിന്റെ കൃതികള്‍' ആകാം. അതല്ല, സത്യവേദപുസ്തകമാണ് വേണ്ടതന്നെ അഭിപ്രായക്കാരുമുണ്ട്. ഖുര്‍ആനും ഒഴിവാക്കാനാവില്ല എന്ന് വാദിക്കുന്നവരുമുണ്ട്.

ഈ പട്ടിക ഇങ്ങനെ നീണ്ടു പോകും. തീര്‍ച്ചയായും മലയാളികള്‍ അത്യാവശ്യം വായിക്കുകയും പഠിക്കുകയും വേണ്ട പുസ്തകങ്ങള്‍ തന്നെയാണ് മേല്‍ സൂചിപ്പിച്ചവ ഓരോന്നും. ഇവയ്‌ക്കൊപ്പം ഇനിയും ഏറെയെണ്ണം ചേര്‍ത്ത് വെയ്ക്കാം. അത്തരം അമൂല്യമായ ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം ഡിജിറ്റല്‍ രൂപത്തില്‍ സിഡിയില്‍ ലഭ്യമാകുന്ന കാര്യം ആലോചിച്ചു നോക്കൂ. അങ്ങനെയൊരു സിഡി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്-'മലയാളം വിക്കിഗ്രന്ഥശാല-തിരഞ്ഞെടുത്ത കൃതികള്‍'. ജൂണ്‍ 11 ന് കണ്ണൂരില്‍ നടന്ന വിക്കിസംഗമത്തിലാണ് മലയാളം വിക്കി ഗ്രന്ഥശാലയിലെ കൃതികളടങ്ങിയ സിഡി പ്രകാശനം ചെയ്തത്. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ മലയാളം കൃതികളാണ് സിഡിയിലുള്ളത്.

പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങള്‍ എന്നതുകൊണ്ടുമാത്രം ഈ സിഡിയിലെ ഉള്ളടക്കത്തിന്റെ സവിശേഷത തീരുന്നില്ല. സാധാരണക്കാര്‍ക്ക് അത്ര ലഭ്യമല്ലാത്ത ഒട്ടേറെ കൃതികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കാവ്യങ്ങള്‍, ഭാഷാവ്യാകരണം, ഐതിഹ്യം, ആത്മീയം എന്നിങ്ങനെ എട്ട് വിഭാഗങ്ങളും വിക്കിചിത്രശാലയെന്ന ചിത്രസമാഹാരവുമാണ് സിഡിയുടെ ഉള്ളടക്കം. സിഡി ഉപയോഗിച്ച് ഓഫ്‌ലൈനില്‍ തന്നെ അതിലെ ഉള്ളടക്കം വായിക്കാനാകും. ഈ സിഡിയുടെ ഉള്ളടക്കം പൂര്‍ണമായും ഓണ്‍ലൈനിലും ലഭ്യമാണ്. http://www.mlwiki.in/wikisrccd/index.html എന്ന ലിങ്കില്‍ പോവുക. വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികളുടെ സിഡി
എന്ന ലിങ്കില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഈ സമാഹാരത്തില്‍ ഏറ്റവും സമ്പന്നമായ വിഭാഗം 'കാവ്യങ്ങളു'ടേതാണ്. വീണ പൂവ്, നളിനി, ലീല, വനമാല, മണിമാല തുടങ്ങി കുമാരനാശാന്റെ കൃതികള്‍ സമഗ്രമായി ഇതിലുണ്ട്. കൂടാതെ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ', ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍, ഇരയിമ്മന്‍ തമ്പി, രാമപുരത്ത് വാര്യര്‍ എന്നിവരുടെ കൃതികള്‍ ഒക്കെ ഡിജിറ്റല്‍ രൂപത്തില്‍ മനോഹരമായി മുന്നിലെത്തും. ഭാഷാവ്യാകരണം വിഭാഗത്തില്‍ 'കേരളപാണിനീയം' പൂര്‍ണരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. ഐതിഹ്യം വിഭാഗത്തില്‍ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ ചന്തുമേനോന്റെ 'ഇന്ദുലേഖ'യാണ് നോവല്‍ വിഭാഗത്തിലുള്ള ഏക കൃതി.

'ശ്രീമത് ഭഗവദ് ഗീത', 'അദ്ധ്യാത്മരാമായണം കിളിപ്പാട്ട്', 'ഹരിനാമകീര്‍ത്തനം', 'ഗീതാഗോവിന്ദം', 'സത്യവേദപുസ്തകം', 'ഖുര്‍ആന്‍', 'ശ്രീനാരായണഗുരു കൃതികള്‍' -ആത്മീയം വിഭാഗം സമ്പന്നമാണ്. ഭക്തിഗാനങ്ങള്‍ എന്ന വിഭാഗവും ശ്രദ്ധേയമാണ്. ക്രിസ്തീയ കീര്‍ത്തനങ്ങളുടെയും, ഹൈന്ദവ ഭക്തിഗാനങ്ങളുടെയും, ഇസ്‌ലാമിക ഗാനങ്ങളുടെയും ശ്രദ്ധേയമായ ഒരു സമാഹാരം ഇവിടെയുണ്ട്. തത്വശാസ്ത്രം വിഭാഗത്തില്‍ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ', 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍' എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സിഡിയിലെ ഉള്ളടക്കം മുഴുവന്‍ വ്യത്യസ്തമായ നാല് മലയാളം യുണികോഡ് ഫോണ്ടുകളില്‍ വായിക്കാം-അഞ്ജലി, മീര, രചന, ലഘുമലയാളം എന്നിവയാണ് ആ ഫോണ്ടുകള്‍. മാത്രമല്ല, ഫോണ്ടിന്റെ വലിപ്പം വര്‍ധിപ്പിക്കാനും കഴിയും. ഓരോ അധ്യായവും സ്‌ക്രോള്‍ ചെയ്ത് താഴേക്ക് അടുത്ത് പേജില്‍ പോകുന്നതിന് പകരം, വായനയ്ക്കുള്ള പേജിനെ ഇടത്തേക്കും വലത്തേക്കും നീക്കി അധ്യായം മുഴുവന്‍ വായിക്കാന്‍ പാകത്തിലാണ് ഉള്ളടക്കത്തിന്റെ വ്യന്യാസം. പക്ഷേ, ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ള കോളങ്ങളുടെ വീതി അല്‍പ്പംകൂടി കുറഞ്ഞിരുന്നെങ്കില്‍ വായന കുറെക്കൂടി അനായാസമാകുമായിരുന്നു.

വിക്കി ഗ്രന്ഥശാലയുടെ ഓഫ്‌ലൈന്‍ സിഡി ഇറക്കുന്ന ലോകത്തിലെ ആദ്യ സംരംഭമാണിതെന്ന്, ഈ സിഡി അണിയിച്ചൊരുക്കിയവരില്‍ പ്രധാനിയായ സന്തോഷ് തോട്ടിങ്ങല്‍ ഒരു ചര്‍ച്ചാഫോറത്തില്‍ അറിയിച്ചു. മലയാളത്തില്‍ പുറത്തിറക്കിയിരിക്കുന്നതില്‍ ഏറ്റവും വലിയ ഡിജിറ്റല്‍ ആര്‍ക്കൈവ് കൂടിയാണ് ഈ സിഡിയെന്നും വിക്കി പ്രവര്‍ത്തകര്‍ പറയുന്നു. ഏതായാലും, മലയാളഭാഷയ്ക്ക് അര്‍ഹിക്കുന്ന ഉപഹാരം തന്നെയാണ് ഈ സമാഹാരം. ഡിജിറ്റല്‍ യുഗത്തില്‍ ഭാഷയുടെ നിലനില്‍പ്പിന് പുതിയ മാര്‍ഗങ്ങള്‍ തേടണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു ഈ സംരംഭം.

മലയാളം വിക്കി പ്രവര്‍ത്തകര്‍ ആദ്യമായല്ല ഇത്തരമൊരു സംരംഭത്തിന് തുനിയുന്നത്. മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത നൂറുകണക്കിന് ലേഖനങ്ങള്‍ സിഡിയാക്കി അവതരിപ്പിച്ചുകൊണ്ട് ഇതിന് മുമ്പ് അവര്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

മാതൃഭൂമി