വിട




മറ്റം സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ രണ്ടു തലവന്മാരും  സ്കൂളില്‍ നിന്നും വിടപറഞ്ഞു

                                  സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം  അനിവാര്യതയുടെ സ്നേഹത്തില്‍ ചാലിച്ച വിടപറയല്‍ . സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂള്‍ വിഭാഗം  ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്സ്.ഗീത ടീച്ചറും ഹയര്‍സെക്കണ്ടറി വിഭാഗം  തലവന്‍ ശ്രീ.ജി.ബിജു സാറും  സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറിസ്കൂളിന്റെ പടികളിറങ്ങുന്നു. സേവനകാലത്ത് നിശ്ശബ്ദസേവനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരിയായ  ഗീത ടീച്ചര്‍ ഹെഡ്മിസ്ട്രസ്സ് പദവിയും  തന്റെ കൈകളില്‍ സുരക്ഷിതമെന്ന് തെളിയിച്ചശേഷമാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ പടികളിറങ്ങുന്നത്.  ഹയര്‍സെക്കണ്ടറി വിഭാഗം  തലവന്‍ ശ്രീ.ജി.ബിജു സാര്‍ സേവനകാലത്ത് അദ്ധ്യാപന മികവിന്റേയും  മികവാര്‍ന്ന ഭരണത്തിന്റേയും  അംഗീകാരങ്ങളായി സംസ്ഥാനസര്‍ക്കാറിന്റേതുള്‍പ്പടെ ഒട്ടനവധി അവാര്‍ഡുകളും  വാരിക്കൂട്ടിയശേഷമാണ്  സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനോട് വിടപറയുന്നത്.

 ഈ രണ്ട് മഹത് വ്യക്തികളുടേയും  റിട്ടയര്‍മെന്റ് ജീവിതം ഐശ്വര്യപൂര്‍ണ്ണവും അസുഖങ്ങളില്ലാത്തതും  ആകട്ടേയെന്ന് ആശംസിക്കുന്നു അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

 

വിട

അയ്യപ്പപ്പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌==
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
............................